Tue. Apr 29th, 2025

പുൽപ്പള്ളി: പുൽപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ റിമാൻഡിൽ. പുൽപ്പള്ളി സ്വദേശികളായ മീനംകൊല്ലി, പൊന്തത്തിൽ വീട്ടിൽ പി.എസ്. രഞ്ജിത്ത്(32), മീനംകൊല്ലി, പുത്തൻ വീട്ടിൽ മണികുട്ടൻ, മണിക്കുന്നേൽ വീട്, അഖിൽ, മീനങ്ങാടി സ്വദേശിയായ പുറക്കാടി, പി. ആർ. റാലിസൺ ( 35) എന്നിവരാണ് റിമാൻഡിൽ ആയത്. റാലിസണെ പോലീസ് പിടികൂടുകയും രഞ്ജിത്ത്, മണിക്കുട്ടൻ, അഖിൽ എന്നിവർ കോടതിയിലെത്തി കീഴടങ്ങുകയുമായിരുന്നു. പുൽപള്ളി കളനാടിക്കൊല്ലി അരീക്കണ്ടി വീട്ടിൽ റിയാസ് (22)ആണ് കൊല്ലപ്പെട്ടത്‌. വ്യക്തി വിരോധത്തിലാണ് പ്രതികൾ ഗൂഢാലോചന നടത്തി ആസൂത്രിതമായി കൊലപാതകം നടത്തിയത്.

12.02.2025 തീയതി രാത്രിയോടെയായിരുന്നു സംഭവം. പ്രതികൾ ഗൂഡാലോചന നടത്തി റിയാസിനെ താഴെയങ്ങാടി ബീവറേജസിന് സമീപം വിളിച്ച് വരുത്തി തടഞ്ഞ് വെച്ച് മർദ്ദിക്കുകയും മാരകായുധമായ കത്തികൊണ്ട് നിരവധി തവണ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിയാസിനെ സംഭവ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ വാഹനത്തിൽ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയി. തുടർന്ന് റിയാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയും ആശുപത്രിയിൽ വെച്ച് മരണപ്പെടുകയുമായിരുന്നു.

സംഭവസ്ഥലം വിദഗ്ദ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ സയന്റിഫിക് ഓഫീസർ, ഫിംഗർപ്രിന്റ് എക്സപർട്ട്, ഡിപ്പാർട്ട്മെന്റ് ഫോട്ടോഗ്രാഫർ എന്നിവർ ചേർന്ന് പരിശോധന നടത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും പ്രതികൾ സഞ്ചരിച്ച വാഹനങ്ങളിലുൾപെട്ട ഒരു മോട്ടോർ സൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *